Saturday, March 11, 2017

സൂര്യഗണം

നീ അല്ലെ പറഞ്ഞെ നല്ല കാലം വരുമെന്നു ?
വരുമോ സൂര്യാ?

ഇന്ന് ഞാൻ കണ്ടു അവളെ ...
കോശീസിന്റെ മുൻപിൽ നിക്കുമ്പോൾ..നമ്മടെ പഴയ ആധ്യാത്മീക ഗുരുവിനെ കാണാൻ..രണ്ടു പെഗ് അടിക്കാൻ.

ചേച്ചിടെ കുഞ്ഞു മീനാക്ഷിടെ പ്രായമേ കാണാതുള്ളു ഡി ...കൂടി പോയാൽ 4  വയസ്സ് 
കയ്യിൽ ഒരു കൂട്ടം റോസാപൂവും പിടിച്ചു എന്റെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവർക്ക് വിക്കാൻ നോക്കി..പിന്നെ തിരിഞ്ഞു എന്നെ ഒന്നു നോക്കീട്ടു, ഒരെണ്ണം മേടിക്കാൻ കെഞ്ചി...ആ പൊന്നോമനയുടെ മുഖത്തു നോക്കി എന്ത് പറയാൻ തോന്നുമെടി?

ഒരു റോസാപൂവിനു 20 രൂപ എന്ന് പറഞ്ഞു ..ഞാൻ ഒരെണ്ണം വാങ്ങി...അവൾക്കു തന്നെ കൊടുത്തിട്ടു അറിയാവുന്ന കന്നഡയിൽ നീ വെച്ചോ എന്ന് പറഞ്ഞു.. അവൾ അത്  വാങ്ങിയില്ല...സെൻട്രൽ്  സ്റ്റാൻഡിൽ ഇട്ടിരുന്ന  ഒരു ചെറിയ സ്കൂട്ടർ ആട്ടി ആട്ടി കളിച്ചു എന്നെ നോക്കി ചിരിച്ചിട്ട് നടന്നു അപ്പുറത്തും ഇപ്പുറത്തും നിക്കുന്ന ആരോടൊക്കെയോ റോസ് വിക്കാൻ നോക്കി. കണ്ടാൽ പേടി തോന്നുന്ന ഒരു ചെറുപ്പക്കാരൻ അവളെ വാത്സല്യത്തോടെ അടുത്തു വിളിച്ചു,..പേടിച്ചരണ്ട നോട്ടം നോക്കിയിട്ടു അവൾ പതുക്കെ നടന്നു അകന്നു...നമ്മുടെ നാട്ടിൽ സ്ത്രീകൾക്കോ പെണ്കുട്ടികൾക്കോ സുരക്ഷാ ഇല്ല എന്ന് നാം പറയുന്നു..കയ്യിൽ റോസ് വിറ്റു കിട്ടിയ കൊറേ  കാശും പെണ്ണെന്ന ലേബലും വെച്ച ഇവളുടെ ഒക്കെ ജീവിതത്തിന്റെ ദൈന്യം ദിന യാഥാർഥ്യം എന്താണ് സൂര്യ?

കൊറേ കഴിഞ്ഞു വീണ്ടും എന്റെ അടുത്തു വന്നിട്ട് ഒരു റോസാ പൂവും കൂടെ തന്നിട്ട് ചിരിച്ചിട്ട് പോയി 

എന്റെ ചേച്ചിടെ കുഞ്ഞിന്റെ അതെ നിഷ്കളങ്കത ...അവളുടെ അതെ പൊക്കം...രണ്ടു ലോകങ്ങൾ 

കമ്മ്യൂണിസ്റ്റും മോദിയും രാഹുൽ ഗാന്ധിയും വിചാരിച്ച മാറുമോ സൂര്യ ഇവരുടെ ജീവിതം? എന്താണ് ഇവരുടെ ജീവിതം..ഈ നശിച്ച രാജ്യത്തു ഇനിയും ഈ ദുഷ്ടതകൾ പേറി ജീവിക്കണോ സൂര്യ? മതിയായി ...കരച്ചിൽ വരുന്നു 

സൂര്യാഷ്ടകം പറഞ്ഞ മുത്തശ്ശി പറഞ്ഞു ജീവന്റെ ഉത്ഭവം സൂര്യൻ ആണെന്നു , നമ്മൾ സൂര്യഗണം ആണെന്നു ...ഇതാണോ ജീവിതം, ഈ അവഗണന ആണോ സത്യം...നമ്മുടെ സന്തോഷത്തിൽ മാത്രം വിശ്വസിച്ചു ജീവിക്കുന്നതാണോ ശരി?

കള്ളു  കുടിച്ചോണ്ട് ഇരിക്കുമ്പോ വെയ്റ്റർ ചേട്ടൻ ടേബിളിൽ റോസാ പൂവ് ഇരിക്കുന്ന കണ്ടു ചോദിച്ചു എന്താ സംഭവം എന്ന്..കാര്യം പറഞ്ഞപ്പോ പറഞ്ഞു 'ഓ റോസിന് പത്തു രൂപ വെച്ച് വിക്കുന്ന കൊറേ പിള്ളേർ ഉണ്ട് ഇപ്പൊ ഈ തെരുവിൽ' എന്ന് ..രണ്ടാമത്തെ റോസ് തന്നു ചിരിച്ച ചിരിയുടെ നിഷ്കളങ്കത ഇപ്പൊ മനസിലായി ഡി 

1 comment:

  1. മധുരമുള്ള ചിരിയും മനസ്സിൽ തട്ടുന്ന വേദനയും.....

    ReplyDelete