Thursday, February 18, 2016

മഞ്ഞോർമ

പൂനെ എത്താറാകുന്നു. ഉള്ളിൽ വല്ലാത്ത ഒരു മിടിപ്പുണ്ടായി...പ്ലാൻ ചെയ്തു വെച്ച കാര്യങ്ങൾ എല്ലാം ചെയ്യണം, അവളുമൊത്തു. അവള്ടെ മുഖം മനസ്സിൽ പല ആവർത്തിൽ പ്ലേ ചെയ്തു. പല ഭാവങ്ങളിൽ. അവളുമായി ബാംഗ്ലൂർ ചിലവഴിച്ച ദിനങ്ങൾ. അതൊക്കെ ഓർത്തപ്പോൾ അവളോടുള്ള ഇഷ്ടം വല്ലാതെ കൂടി. ദൂരങ്ങൾക്ക് മരണം സംഭവിച്ചിരുന്നെങ്കിൽ.

ബസിനു പുറത്തെ കാഴ്ച മനസ്സിന്റെ ഭാവനിലകളെ വല്ലാതെ ഉത്തേജിപ്പിച്ചു. ഓഗസ്റ്റിന്റെ മഴത്തുള്ളികൾ ബാംഗ്ലൂർ-മുംബൈ ഹൈവേയുടെ ഈറൻ സൗന്ദര്യം വല്ലാതെ കൂട്ടുന്നു. മൊബൈൽ എടുത്തു നോക്കി, ഇല്ല, എവിടെയെത്തി എന്ന് ചോദിച്ചിട്ട് ഒരു മെസ്സേജ് പോലുമില്ല . എന്തൊരു സാധനമാണ്, ആ പോട്ടെ ഉറക്കം തെളിഞ്ഞു കാണില്ല.

ഫെയ്സ്ബുക് എടുത്തു നോക്കി. ഇന്നലെ എഴുതിയ പോസ്റ്റിനു കൂടുതലായി ഒരു ലൈക്ക് പോലുമില്ല. വല്ലാതെ സങ്കടം വന്നു. 34 ലൈകുകൾ ആയി, പക്ഷെ അവളുടെ ലൈക്ക് പ്രതീക്ഷിച്ചിട്ടു കിട്ടിയില്ല. ആ ഒരൊറ്റ ലൈക്കിനു വേണ്ടി എത്രത്തോളം ആശിക്കുന്നുണ്ടെന്നു ആ നിമിഷം മനസിലാക്കി. അവളെ കാണുമ്പോൾ ഇതിനെ പറ്റി സംസാരിക്കണോ? വേണ്ട, വെറുതെ വില പോകും.

വണ്ടി എവിടെയോ കൊണ്ട് നിർത്തി. ബസ്സും മറ്റും കിട്ടാത്ത വിജനമായ ഒരിടം. അവിടുന്ന് പൂനെ ടൌൺ വരേക്കും 380 രൂപ കൊടുത്തു ഓട്ടോയിൽ പോകണ്ടി വന്നു. സാരമില്ല, ഇന്ന് വേറൊന്നും എന്റെ മൂഡിനെ സ്പോയിൽ ചെയ്യാൻ ഞാൻ സമ്മതിക്കില്ല. തീരുമാനിച്ചു ഉറപ്പിച്ചു സെൻട്രൽ മാളിന്റെ മുന്നിൽ അങ്ങനെ നിന്നപോഴേക്കും സൂം കാറിൽ നിന്ന് വിളി വന്നു. ബുക്ക്‌ ചെയ്ത കാർ റെഡി ആയിരിക്കുന്നു അത്രേ. മാളിന്റെ തന്നെ പാർക്കിംഗ് ലോട്ടിൽ വണ്ടി ഉണ്ട്. ഏതോ പേപ്പർ സൈൻ ചെയ്തു കൊടുത്തിട്ട് ബുക്ക്‌ ചെയ്തിരുന്ന ഫിഗോ  എടുത്തു പുറത്തിറങ്ങി. സ്ഥലങ്ങൾ ഒന്നുമറിയില്ല. എന്തായാലും വിൻഡ് ഷീൽഡിൽ തന്നെ മൊബൈൽ ഹോൾഡർ ഉണ്ട്. ജി പീ എസ് ഓൺ ആകി ഫിറ്റ്‌ ചെയ്യുന്നതിന് മുൻപ് അവളെ വിളിച്ചു. 10 മിനിട്ടിനു ഉള്ളിൽ അവൾ മാളിന്റെ അരികിലെത്തും.

തണുത്ത കാറ്റ് വീശുന്ന ആ സുപ്രഭാതം, പൂനെ, അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥ ഇതാണോ? ബാംഗ്ലൂർ സുന്ദരി എന്ന് കരുതി, പൂനെ നായികയാവുന്ന പടത്തിലെ നായികയുടെ ഫ്രണ്ട് ആക്കാം  ഇനി വേണമെങ്കിൽ .

"ഹായ്.."

ഗ്ലാസ്സിനുള്ളിലേക്ക് പെട്ടെന്ന് ഇരമ്പി വന്ന ആ ശബ്ദത്തിന്റെയും ചിരിയുടെയും ചാരുതയിൽ പതിയെ തെളിയുന്ന മണ്ണെണ്ണ വിളക്ക് പോലെ എന്റെ മുഖം സ്ലോ മോയിൽ ദീപ്തമായി. രാത്രി മഴ കൊണ്ടുതിർന്ന ചെമ്പക പൂക്കൾ വീണു കിടക്കുന്ന മരച്ചോട്ടിൽ രാവിലെ പോയി നിന്നിട്ടുണ്ടോ? അങ്ങനെ നിന്നവർക്ക് വണ്ടി തുറന്നു അവൾ ഉള്ളിലേക്ക് കേറിയപ്പോൾ കാറിന്റെ ഉള്ളിൽ നിറഞ്ഞ സുഗന്ധത്തെ മനസിലാക്കാം. അവളെ കണ്ടപ്പോൾ മിടിച്ചു തുടങ്ങിയ ഹൃദയം ആ ഗന്ധത്തിൽ പതുക്കെ ശാന്തമായി.

കഴിച്ചിട്ട് പോണോ അവടെ ചെന്നിട്ടു എന്തേലും കൊറിച്ചാൽ മതിയോ?

എങ്ങോട്ട്?

ഹാ, സിഘഡ് ഫോർട്ട്‌ പോകാമെന്നല്ലേ നമ്മൾ പ്ലാൻ ഇട്ടേ

ഓ യെസ് യെസ്. കഴിച്ചിട്ട് പോകാം, നല്ലോണം വെശക്കുന്നു

ഓക്കേ, അപ്പൊ നേരെ പോയി ഡെഡ് ഏൻഡ് റൈറ്റ്, പിന്നെ ഫസ്റ്റ് ലെഫ്റ്റ്, അവടെ നല്ല പൊടി ഇഡ്ഡലി കിട്ടും.

സിഘഡ് ഫോർട്ടിലേക്ക് പോകുന്ന വഴി മോട്ടകുന്നുകളും ഒറ്റപെട്ട വിടുങ്ങിയ പാതകളും നിറഞ്ഞു ശാന്തമായി കിടന്നു.

ഞാൻ ഓടിക്കട്ടെ?

അത് വേണോ?

എന്നായാലും മരിക്കണ്ടതല്ലേ

അത് ശെരി തന്നെ. പക്ഷെ ഞാൻ ഓഫീസ് മീറ്റിങ്ങിനു ചെന്നൈ പോകുകയാണെന്ന അമ്മയോട് പറഞ്ഞത്. അമ്മ എന്ത് വിചാരിക്കും.

അതൊരു പ്രശ്നമാണ്. അടുത്ത് 2 കിലോമീറ്ററിൽ ഫോർട്ടിന്റെ  വഴി തുടങ്ങും, പിന്നെ താഴോട്ടൊരു പോക്കാണ്. ഇപ്പോഴാണേൽ എനിക്കൊന്നു ട്രൈ ചെയ്യാം.

ആ ഉണ്ട കണ്ണിൽ നോക്കിയാ പിന്നെ ശരികൾ തെറ്റുകളും നോ യെസ് ആവുകയും ചെയ്യും. അച്ചടക്കമില്ലാതെ സെക്കണ്ട് ഗിയറിൽ വണ്ടി ഇരപ്പിച്ചു പോകുമ്പോൾ അവൾ കുലുങ്ങി ചിരിച്ചോണ്ടിരുന്നു. ഫോർട്ടിലെ മഞ്ഞു എന്റെയും അവളുടെയും സൗഹൃദത്തിന്റെ ഇടയിലൂടെ കുളിർത്തും നിശബ്ധമായും നീങ്ങി.

'ഞാൻ വായിച്ചിരുന്നു സ്റ്റാറ്റസ്'.

ഞാൻ അവളെ നോക്കി.

'എന്നിലെ സ്ത്രീയെ നീയും നിന്നിലെ പുരുഷനെ ഞാനും സ്നേഹിച്ചു തുടങ്ങിയപ്പോൾ ശരീരങ്ങൾക്കപ്പുറം നമ്മുടെ ആത്മാക്കൾ ആദ്യമായി ഭോഗം ചെയ്തു.' കുഴപ്പമില്ല. പക്ഷെ ട്രാൻസ് ജെണ്ടർ സ്റ്റഡിസിൽ ഇത്തരം ചീസി ലൈൻസ് ഒഴിവാക്കണം. ഇറ്റ്സ് നോട് ദാറ്റ്‌ ഈസി യു നോ. ഹാർഡ് ഹിട്ടിംഗ് ആയിരിക്കണം.

എങ്ങനെ?

എന്റെ ഫ്രണ്ട് മൃദുൽ. ഹി ഈസ്‌ എ ലോയെർ. 14 വയസ്സ് വരെ അവൻ മൃണാളിനി ആയി ജീവിച്ചു. ട്രാൻസ് ജെണ്ടർ എന്ന് അവൻ സ്വയം ഐടെന്റിഫൈ ചെയ്യുന്നു. അതിനായി പൊരുതുന്നു. ഞാൻ ഇടയ്ക്കു അവന്റെ കൂടെ ചെറിയ പരിപടികൾക്കൊക്കെ പോകാറുണ്ട്. സീ, ഈ അരക്ഷിതവസ്ഥക്ക് പല മുഖങ്ങളും മാനങ്ങളുമുണ്ട്. ഭയം സഹിക്കാനോക്കാത്ത അവസ്ഥയിലാണ് പലരും സമൂഹത്തിന്റെ നിയന്ത്രണ രേഖ മറികടക്കാൻ തയ്യാറാകുന്നത്. വളരെ പെയ്ന്ഫുൾ ആയ 3 ശസ്ത്രക്രിയകൾ നടത്തിയാണ് അവൻ പുരുഷനായത്. ആദ്യ രണ്ടു വര്ഷം ശെരിക്കും ശൈശവമാണ് പുതിയ ജന്മത്തിന്റെ. എല്ലാ ദിവസവും ടെസ്ടോസ്റ്റെറോൺ ഇന്ജെക്ഷനുകൾ. അവനും അവനെ പോലെ പലർക്കും ഇത് വളരെ ശക്തമായ ഒരു സത്യമാണ്.

എനിക്ക് അസൂയ തോന്നി. ഗായത്രിയിൽ എന്നും ഞാൻ അസൂയ കൊണ്ട ഭാഗം. ഒരു വിക്കിപീഡിയ പേജിനു അപ്പുറമുള്ള ലോക പരിചയം, മനുഷ്യ സ്നേഹത്തിനെ വല്ലാത്ത ഒരു മോറൽ സ്റ്റാന്റ്.

ഫോർട്ടിൽ നിന്ന് ഇറങ്ങിയപ്പോളെക്കും ഈറൻ കുത്തി നിറച്ച മഞ്ഞിൽ രണ്ടാളുടെയും ഡ്രസ്സ്‌ നന്നേ നനഞ്ഞിരുന്നു.

തിരിച്ചെത്തിയിട്ട്‌ എങ്ങനെ?

ഞാൻ ഔന്ധ് റിട്രീട്ടിൽ റൂം എടുത്തിട്ടുണ്ട്.

ഓക്കേ അപ്പൊ ഞാനും വരാം രാത്രിയിൽ. പക്ഷെ എനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം, ഹോസ്റ്റലിൽ പോയിട്ട്.

ഹൃദയം വീണ്ടും മിടിച്ചു.

ഓക്കേ. എന്നാ ഡിന്നർ  കഴിച്ചിട്ട് ഹോസ്റ്റൽ പോയി ഡ്രസ്സ്‌ മാറി വരൂ. എന്നിട്ട് റൂമിലേക്ക്‌ പോകാം.

ഹോസ്റ്റലിൽ നിന്ന് ഡ്രസ്സ്‌ മാറി വന്ന അവളെ കണ്ടു കണ്ണെടുക്കാൻ വയ്യാതെ കുറേ നേരം നിന്ന് പോയി. വാലിട്ടെഴുതിയ കണ്ണും, അഴിച്ചിട്ട ഈറൻ മുടിയും ഒരു ഓഫ്‌ വൈറ്റ് ടീ ഷർട്ടും ഒരു നീല ഡെനിം കുട്ടി നിക്കറും. ആഹാ.

'ജോയിന്റ് ഉണ്ടോ കയ്യിൽ?' കട്ടിലിൽ ചമ്രം പണിഞ്ഞിരുന്നു ഒരു യോഗിയെ പോലെ അവൾ ചോദിച്ചു.

ഉണ്ട്.

അടിച്ചു കഴിഞ്ഞാ എന്നെ വല്ലോം ചെയ്യുമോ?

ഇല്ല...ഐ മീൻ അറിയില്ല.

പ്ലീസ്, ഇന്ന് വേറെ അലമ്പിന് നിക്കരുത്‌, നമ്മുടെ റിലേഷൻ ക്ലിയർ അല്ലെ?

ഉം .

ഓക്കേ.

പുക കൊണ്ട് വായുവിൽ അവൾ വട്ടങ്ങൾ വിടുന്നത് ഞാൻ നോക്കി കൊണ്ടിരുന്നു.

എനിക്കും പഠിക്കണം.

ഗായത്രി എന്നെ നോക്കി ചിരിച്ചു.

എനിക്കും പഠിപ്പിച്ചു താ.

കിളി പോയോർക്ക് ട്രിക് മനസിലാവൂല്ല.

ഞാൻ ശ്രദ്ധിച്ചു  നോക്കാം. ഒന്നൂടെ കാണിക്കു.

പുക ഉള്ളിലേക്ക് വലിച്ചു അവൾ കവിളുകൾ ഒരു പ്രത്യേക ഷേപ്പിൽ ആക്കി. ഞാൻ ആ ചുണ്ടുകളിലേക്ക്‌ തന്നെ നോക്കി. അതിനപ്പുറം സുന്ദരമായ ഒന്നിനെ ബ്രഹ്മൻ പടുകേണ്ടി ഇരിക്കുന്നു എന്നൊക്കെ തോന്നിപോയി. പിന്നെ പതിയനെ അവളെ മുടിയോടു ചേർത്ത് എന്റെ ചുണ്ടുകളിലേക്ക്‌ അടുപ്പിച്ചു. കുറച്ചു നിമിഷങ്ങൾ നീണ്ടു നിന്നപ്പോൾ അവൾ എന്നെ ശക്തമായി തള്ളി നീക്കി, എന്നിട്ട് ശക്തമായി ചുമച്ചു. ചുമയുടെ ഏറ്റകുറച്ചിലിൽ പുക പുറത്തേക്കു ചാടി കൊണ്ടിരുന്നു. അവളെന്നെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ കേറി കിടന്നു.

സോറി. അറിയാണ്ടെ...

ഇനി പറഞ്ഞു അലംബാക്കണ്ട. ഇത് നടക്കില്ലെന്നു എന്നെകാൾ വ്യക്തത നിനക്കുണ്ട്. ഇല്ലേ?

ഉവ്വ്.

നിന്റെ അമ്മയുടെ മുന്നിൽ എന്നെ കൊണ്ട് നിർത്താൻ നിനക്ക് പറ്റുമോ?

ഇല്ല

എന്നാ കേറി കിടന്നോ.

അടുത്ത ദിവസം രാവിലെ സൂം കാർ തിരികെ കൊടുത്തതും ഒരു നല്ല ഐഡിയ ഉണ്ടെന്നു പറഞ്ഞു അവളെന്ന് കയ്യ് പിടിച്ചു വലിച്ചോണ്ട് പോയി. ആര്ട്സ് മ്യൂസിയം കാണാൻ രാവിലെ തന്നെ കാൽ നടയായി നടക്കാൻ ആണ് നമ്മുടെ പ്ലാൻ എന്ന് പറഞ്ഞു എന്നെ നോക്കി ചിരിച്ചു. ആർട്സ് മ്യൂസിയത്തിന്റെ അടച്ച വാതിൽ കണ്ടു ഇനിയെന്ത് എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കുകയും തുള്ളിക്കൊരു കുടം പോലെ മഴ തുടങ്ങിയതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് തന്നെ അവൾ അവൾടെ കുട്ടി ബാഗിൽ നിന്ന് കുട എടുത്തു തുറന്നു.

നിനക്കല്ലേ പൊക്കം, കുട പിടി.

ഇന്നലെ വലിച്ചതിന്റെ ബാകി ഉണ്ടാരുന്നു, ശേ ഈ മ്യൂസിയം പരിപാടി ഇല്ലായിരുന്നെങ്കിൽ എവ്ടെലും ഇരുന്നു സ്വസ്ഥമായി വലിക്കാരുന്നു.

അതിനെന്താ, അതിനു ഇതിലും പറ്റിയ സാഹചര്യം ഇല്ലല്ലോ.

ഞാൻ ചുറ്റും നോക്കി. ശരിയാണ്. മഴയിൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. കണ്ണെത്തും ദൂരം വരെ മേയിൻ റോഡ്‌ ആയിട്ട് കൂടി വണ്ടി ഇല്ല, ജനങ്ങളും. അങ്ങനെ, ഒരു പുഞ്ചിരിയോടെയും പിന്നെ കുലുങ്ങി ചിരിയോടെയും ഞങ്ങൾ അത് വലിച്ചു തീർത്തു.

എനിക്കിനി നടക്കാൻ വയ്യ; ഞാൻ പറഞ്ഞു.

ദാ അങ്ങോട്ട്‌ കേറാം , സീ സീ ഡി ആണ്.

"എന്താ ഈ നോക്കുന്നെ?" സീ സീ ഡി യുടെ മുകളിലെ നിലയിൽ ചുമരിനെയും ഗായത്രിയെയും  അഭിമുഖീകരിച്ചു
ഇരുന്ന ഞാൻ ചോദിച്ചു.

എയ്യ് , ഞാൻ ഇങ്ങനെ ഇവിടെ ഇരിക്കുന്ന ആൾകാരെ ഒക്കെ നോക്കുകയായിരുന്നു.

എന്നിട്ട്?

തിരിഞ്ഞു നോക്കണ്ട, ഞാൻ പറഞ്ഞു തരാം. നമ്മുടെ ഇമ്മിടിയറ്റ് ലെഫ്റ്റിൽ ഉള്ള ടേബിളിൽ ഉള്ളത് 3 പെൺകുട്ടികൾ. ഡിഗ്രി സ്ടുടെന്റ്സ് ആണ്.

അതെങ്ങനെ മനസിലായി?

അടുത്ത കാറ്റ് മാറ്റ്‌ എന്ട്രന്സിനെ പറ്റിയും മറ്റും എന്തൊക്കെയോ പറയുനുണ്ട്. നമ്മുടെ തൊട്ടു ബാക്കിൽ കുറച്ചു അകലതായുള്ള ടേബിളിൽ ഒരു കപ്പിൾ ആണ്. അതിൽ ഭർത്താവു എന്നെ നോക്കിയിട്ട്  ഭാര്യയോട്‌ എന്തോ പറയുന്നുണ്ട്, നീ ഇപ്പൊ തിരിഞ്ഞു നോക്കല്ലേ എന്ന് പറഞ്ഞിരിക്കണം, അവർ പതുക്കെ അറിയാത്ത പോലെ എന്നെ നോക്കുന്നു. ചിലപ്പോൾ അവർക്ക്  പരിചയമുള്ള ആരുടെയെങ്കിലും സാമ്യം തോന്നി കാണണം.

പിന്നെ?

നമ്മുടെ എക്സ്റ്റ്രീം റൈറ്റ് എൻഡിൽ ഒരു 40 ഇൽ ഉള്ള ആണും 50 ഇൽ ഉള്ള സ്ത്രീയും പിന്നെ ഒരു ചെറുപ്പകാരിയും. ചെറുപ്പകാരി എന്തോ പേപ്പർ കൊടുക്കുനുണ്ട്, ജോബ്‌ ഇന്റെർവ്യു ആവും.

അവൾ ഓരോ ആള്കരെയും നന്നായി വിശദീകരിച്ചു പറഞ്ഞു. എനിക്കെല്ലാം അവൾ പറയുന്നത് പോലെ മനസ്സിൽ ചിത്രീകരിക്കാൻ കഴിയുന്നുണ്ടായിരുന്നു.

നമുക്ക് ഫ്രൂട്ട് നിന്ജ കളിച്ചാലോ?

അത് വേണോ; ഞാൻ ചോദിച്ചു.

അടിപൊളിയ ഈ മൂടിന്.

കളി തുടങ്ങി. സ്ക്രീനിൽ വരുന്ന പഴങ്ങൾ ഒന്നൊന്നായി ഞങ്ങൾ വെട്ടി നിരത്തി. പക്ഷെ എത്ര കളിച്ചിട്ടും അവളുടെ സ്പീടിനെയും സ്കോറിനെയും ഒന്ന് തൊടാൻ പോലും കഴിയുന്നില്ല. ആശാട്ടി വെച്ച് വിടുകയാണ്. കളി കഴിഞ്ഞതും അവൾ ദയനീയമായി എന്നെ നോക്കി.

ശെയ്യ് , ഞാൻ തോറ്റു അല്ലെ?

നീ തോറ്റെന്നോ! ഇവിടെ എന്നെ ഒരു ദാക്ഷണ്യവും ഇല്ലാതെ തോപ്പിച്ചിട്ടു?

ങേ അപ്പൊ അത് എന്റെ സ്കോർ ആയിരുന്നല്ലേ. ഞാനോർത്തു.

എന്തേ?  

ചുമ്മാതല്ല ഞാൻ കഷ്ടപ്പെട്ട് വെട്ടിയിട്ടും  പോയിന്റ് മാറുനില്ലല്ലോ എന്ന് ഞാൻ ഓർത്തെ.

'അപ്പൊ ആരുടെ കിളിയ പോയതെന്ന് മനസിലായി'.അവള്ടെ ചമ്മിയ ചിരി കണ്ടു ഞാൻ ആർത്തു ചിരിച്ചു.

ഉച്ചക്ക് ബസ്‌ സ്ടോപിലേക്ക് വണ്ടി കയറാൻ നേരം അവളെന്നെ കെട്ടി പിടിച്ചു. എന്നിട്ട് ചെവിയിൽ പറഞ്ഞു, 'ക്യാമ്പസ്‌ സെലെക്ഷൻ കിട്ടി, പക്ഷെ എവിടെയാ എന്ന് നിന്നോട് പറയില്ല. ഇനി കാണൽ ഉണ്ടാവണ്ട'.

ഞാൻ അവളെ നോക്കി. കരയാൻ പോകുന്ന പോലെ ആ ഉണ്ട കണ്ണുകൾ ചുവക്കുനുണ്ടായിരുന്നു.

ബസ്സിൽ ഇരുന്നപോൾ പലതും ഓർത്തു. ഭൂതവും ഭാവിയും എല്ലാം. അതെ, അവൾ പറഞ്ഞതാണ്‌ ശരി. ഇനി കാണൽ ഉണ്ടാവില്ല. ഉണ്ടാവരുത്. ഒരിക്കലും അമ്മയുടെ മുൻപിൽ അവളുമായി പോയി നില്ക്കാൻ എനിക്ക് കഴിയില്ല. എന്നിട്ടെന്തു പറയും, അമ്മെ ഇതാണെന്റെ പെണ്ണെന്നോ, അതോ ഇതാണെന്റെ ചെറുക്കൻ എന്നോ. അമ്മയുടെ അപ്പോളത്തെ അവസ്ഥ ചിന്തിക്കാൻ പോലും മേനകെട്ടില്ല.

മൃണാളിനിയെ പോലെ ഒരു പുരുഷന്റെ മനസുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ വേദനയേറിയ ശസ്ത്രക്രിയകൾ ചെയ്തു മ്രുദുലിനെ പോലെ ഒരു പുരുഷനായി മാറിയിട്ടാണെങ്കിലും അവളെ സ്വന്തമാക്കാമായിരുന്നു. പക്ഷെ, രേണുക മാത്യൂസ്‌ എന്ന് സമൂഹം അറിയുന്ന ഈ ശരീരത്തിനും മനസ്സിനും ഗായത്രിയെന്ന പെണ്ണ് എന്നും പെണ്ണായിരിക്കണം. കൂടി പോയാൽ ഒരു സുഹൃത്ത്.

Monday, February 1, 2016

മൂന്നാം സാമീപ്യം

ആ നേരിയ മഞ്ഞ വെളിച്ചത്തിൽ അവളോട്‌ അങ്ങനെ ഇഴുകി ചേർന്ന് കിടക്കുമ്പോൾ അവനതു വീണ്ടും ശ്രദ്ധിച്ചു. അവരുടെ രണ്ടു നഗ്ന ശരീരങ്ങൾ കൂടാതെ ആരോ ഒരാള് ആ മുറിയിൽ ഉണ്ട്. ഒരു നിഴൽ, ഒരു സുപ്ത സാന്നിദ്ധ്യം. അവനാകെ വല്ലാണ്ടായി. ഉള്ളിലെ പുരുഷന്റെ ഉദ്ദീപനം പതിയെ അങ്ങ് ഇല്ലാണ്ടായ പോലെ. "ഞാൻ ഒന്ന് വാഷ്‌ റൂം പോയി വരാം" കണ്ണടച്ച് അവന്റെ അടുത്ത നീക്കം പ്രതീക്ഷിച്ചു കിടന്ന അവളോട്‌ അവൻ പറഞ്ഞു. എണീറ്റ്‌ വാഷ്‌ റൂമിലേക്ക്‌ പോകും വഴി അവൻ മുറി ആകെ ഒന്നുഴിഞ്ഞു. ഇല്ല, ആരുമില്ല.
വാഷ്‌ റൂമിലെ കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്നു. കഴിഞ്ഞ നാല് രാത്രികളിൽ നാലാമത്തെ പെൺകുട്ടിയാണ്. പഴയ സുഹൃത്തുക്കൾ. നാല് നഗരങ്ങളിലായി. ചെന്നൈ, ബാംഗ്ലൂർ, പൂനെ, മുംബൈ. ഒരു പക്ഷെ നിർത്താതെയുള്ള യാത്രകൾ സ്ട്രെസ്സ് ഔട്ട്‌ ചെയ്തതിന്റെ ആകും. ആകെ ഒരു വല്ലായ്മ. കഴിഞ്ഞ 3 രാത്രികളിലും പക്ഷെ ഇതേ അനുഭവമാണ്‌ ഉണ്ടായതു. എങ്ങനെയൊക്കെയോ ഒപ്പിച്ചു. ഇത് അത് പോലെയല്ല. പറയാതെ തരമില്ല. തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. വേറെ ആരോ നമ്മളെ വീക്ഷിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞാൽ ആ കുട്ടി പേടിച്ചു പോകും.
"എന്ത് പറ്റി. കുറേ നേരമായല്ലോ പോയിട്ട്?" "നല്ല തലവേദന. ഐ തിങ്ക്‌ ഇറ്റ്സ് ദി ഓൺസെറ്റ് ഓഫ് മൈഗ്രൈൻ" ശീതളിന്റെ മുഖം വല്ലാണ്ടായി. അവനതു ശ്രദ്ധിക്കാതെ പതുക്കെ ബൊക്സെർ എടുത്തിട്ടു. മേശപുറത്തെ സിഗരറ്റ് പാക്കിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു റൂമിന്റെ ബാൽകണിയിൽ വന്നു നിന്ന് കത്തിച്ചു. നേരിയ കാറ്റിലേക്ക് യാന്ത്രികമായി പുക ഊതി വിട്ടു. ഇരുട്ട് തിങ്ങിയ തെരുവുകളിൽ മിന്നാമിനുങ്ങിനെ പോലെ കത്തുന്ന കുറെ ലൈറ്റുകൾ. "വിക്കി, ഈസ്‌ എവരി തിങ്ങ് ഒകേ?" ഒരു സിഗരറ്റ് ചുണ്ടത് വെച്ച് കൊണ്ട് അവൾ അടുത്ത് വന്നു നിന്നു. അവൻ ലൈറ്റർ നീട്ടി അത് കത്തിച്ചു കൊടുത്തു. "മൈഗ്രൈൻ ആണെങ്കിൽ ഡോണ്ട് സ്മോക്ക്‌. കൂടും" "ഉം" "തലവേദന പോകാൻ പറ്റിയ ഒരു സാധനമുണ്ട്" "എന്താ അത്?" തിളങ്ങുന്ന കണ്ണുകളോടെ അവനെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് പോയി. ഹോമിയോപൊതി മരുന്ന് കിട്ടുന്ന പോലത്തെ ഒരു ചെറിയ പ്ലാസ്റ്റിക്‌ ഡപ്പിയുമായി തിരികെ വന്നു. കയ്യിൽ ഒരു ഇയർ ബഡും. "ഇതെന്താ സംഭവം?" "വിശ്വദർശനം" "എന്തോന്ന്?" "കോസ്മിക്‌ റെവലേഷൻ എന്നും വിളിക്കാം" ഡപ്പിയുടെ അടപ്പ് തുറന്നു അവന്റെ മൂക്കിലേക്ക് അടുപ്പിച്ചു. ആാഹ, നല്ല ശുദ്ധാഷൗധം. ഹാഷിന്റെ മണം നാസിക വഴി തലച്ചോറിലെത്തി. "ഈസ്‌ ദിസ്‌ ഹാഷ് ഓയിൽ!?" "റിഫതിന്റെ ഗിഫ്റ്റ്, സ്ട്രൈറ്റ്‌ ഫ്രം അഫ്ഘാൻ" ഇയർ ബഡ് ഡപ്പിയിലേക്ക് മുക്കിക്കൊണ്ട് അവൾ പറഞ്ഞു. "ഗിവ് മി ദാറ്റ്‌" അവന്റെ കയ്യിൽ നിന്ന് സിഗരെറ്റ്‌ പിടിച്ചു വാങ്ങിയ ശേഷം കത്താത്ത ഭാഗങ്ങളിൽ അവൾ ഇയർ ബഡ്സ് ഓടിച്ചു. തുടർന്ന് അവൾടേതിലും. "നവ്, സ്മോക്ക്‌ അപ്പ്‌" * * * "നമുക്ക് നിർത്താം" ഒരു നിമിഷം മൗനം. "ശരി" ഇത് പ്രതീക്ഷിച്ചെന്ന പോലെ അവളുടെ മറുപടി. ഇത്ര എളുപ്പമായിരുന്നോ കാര്യങ്ങൾ? കഴിഞ്ഞ 11 ഉറക്കമില്ലാത്ത രാത്രികളിൽ മെനഞ്ഞെടുത്ത കുറെ സംഭാഷണങ്ങൾ ഉണ്ടായിരുന്നു. ഒന്നും വേണ്ടി വന്നില്ല! "നീ തമാശ പറയുകയല്ലല്ലോ, അല്ലെ?" "ഈ കാര്യത്തിൽ ആരെങ്കിലും തമാശ പറയുമോ?" "നിന്റെ ഈ തീരുമാനത്തിന് പ്രത്യേകിച്ചു എന്തെങ്കിലും കാരണം" "ഉണ്ട്. അറിയില്ല." "നീയായിട്ടു തുടങ്ങിയത് നീയായിട്ടു....അല്ലെ?" "നിന്നെ ഞാൻ വീട്ടിലേക്കു ഡ്രോപ്പ് ചെയ്യാം" "വേണ്ട വിക്കി, എനിക്കറിയാത്ത വഴിയല്ലല്ലോ" അവൾ നടന്നകലന്നുത് അവൻ നോക്കി നിന്നു. അവർ സ്ഥിരം ചായ കുടിക്കുന്ന ഹോസ റോഡ്‌ സിഗ്നലിലെ ആ ചായകടയിൽ നിന്ന് കൊണ്ട്. അവൻ ഫോണെടുത്തു ഡയൽ ചെയ്തു. "അച്ഛാ, അത് കഴിഞ്ഞു. ഇനി ഒരിക്കലും നിങ്ങളോട് സ്നേഹമില്ല എന്ന വാക്ക് എന്റെ മേൽ അടിചെൽപ്പികരുത്. ഇത് നിങ്ങള്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ തീരുമാനമാണ്" "എന്റെ മോൻ നല്ല കുട്ടിയാ..മോന് നല്ലതേ വരൂ" "അച്ഛാ പ്ലീസ്..." ഫോൺ സ്ക്രീനിൽ അവളുടെ പേരു തെളിഞ്ഞു വന്നു. "അച്ഛാ ഞാൻ വിളിക്കാം".... "എന്താ വാവ്...എന്താ ആനി?" "വിക്കി നീ അവിടുന്ന് പോയോ?" "ഇല്ല, എന്ത് പറ്റി?" "ബുദ്ധിമുട്ടാകില്ലെങ്കിൽ ഒന്ന് നിക്കുവോ? എനിക്ക് നിന്നോട് സംസാരികണം" "വന്നോ, ഞാൻ ഇവിടുണ്ട്"
"വിക്കി, എന്താ വിക്കി നിനക്ക് പറ്റിയെ, ഞാൻ എന്തെങ്കിലും ചെയ്തിട്ടാണോ?" ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു "നീയല്ല, ഞാനാണ്‌. എന്റെ..." അവള്ടെ കണ്ണിൽ നോക്കാതെ അവൻ മറുപടി പറഞ്ഞു "വാവേ മുഖത്ത് നോക്ക്, എന്താ പറ്റിയെ, പ്ലീസ്...എന്താ പ്രശ്നമെന്ന് പറയു" നിന്നെ കെട്ടിയാൽ എന്റെ അച്ഛൻ ആത്മഹത്യ ചെയ്യുമെന്നു പറയണമെന്ന് അവനു തോന്നിയില്ല. "ആനി, ഇന്ന് നിനക്ക് കൂട്ടിനു മോനുണ്ട്. അവനു നീ എല്ലാമാണ്. നാളെ നമ്മൾ വളരെ അധികം അടുത്ത് കഴിഞ്ഞു, മോനുമായി ഞാൻ അടുത്ത് കഴിഞ്ഞു, അത് കഴിഞ്ഞു, അത് കഴിഞ്ഞാണ് ഞാൻ ഈ തീരുമാനം എടുക്കുന്നതെങ്കിൽ, അന്ന് നിന്റെ മോന്റെ മുന്നില് നീ ഒരു ചീത്ത സ്ത്രീയാവും, ഞാൻ അവന്റെ അമ്മയുടെ..." "വിക്കി, നീ ഇങ്ങനെ ഒന്നും ചിന്തിച്ചു കൂട്ടല്ലേ..നിനക്കറിയാല്ലോ, നീയും മോനും എന്റെ മമ്മിയും, എന്റെ ലോകം ഇതായി പോയി, മമ്മിയിനി, മമ്മി പോയ പിന്നെ...ഞാൻ കാലു പിടിക്കാം വിക്കി" അവളുടെ കണ്ണുകളിൽ നിലക്കാത്ത നീർച്ചാലുകൾ ഉത്ഭവിച്ചു. വിക്കി അവളെ നോക്കി. "കരയല്ലേ ആനി, ആൾകാർ..നീ വാ ബൈകിൽ കേറ്" "ഇല്ല വിക്കി, എനിക്കിപ്പോ ഇവട്‌ന്നു അനങ്ങാൻ ഒക്കില്ല...നീയെന്നെ പേടിപ്പിക്കല്ലേ ഇങ്ങനെ" "ആനി, ഒന്ന് ചിന്തിക്കു. ഇന്ന് അവനു അച്ഛനില്ല എന്നെ ഉള്ളു. നാളെ ഞാൻ ആ റോളിലേക്ക് വന്ന്, വീട്ടുകാരുമാ യുള്ള പ്രശ്നങ്ങൾ താങ്ങാൻ ഒക്കാതെ , എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞാൽ...അവന്റെ അവസ്ഥ നീ ചിന്തിച്ചു നോക്ക്"
എന്തൊക്കെയോ കേട്ടു, എന്തൊക്കെയോ പറഞ്ഞു. ഒരു മനുഷ്യൻ തന്റെ മുന്നിൽ തകര്ന്നു ഇല്ലാണ്ടാവുന്നത് അന്ന് വിക്കി കണ്ടു കൊണ്ട് നിന്നു, ഒരു പുതുമയും ഇല്ലാത്തത് പോലെ. അവളെ ബൈക്കിൽ വീട്ടില് ഡ്രോപ്പ് ചെയ്തു തിരികെ വരുമ്പോൾ വിക്കിയുടെ ടീ ഷർട്ടിന്റെ പിന് വശം മുഴുവൻ നനഞ്ഞിരുന്നു..ഒരു പാവത്തിന്റെ ചങ്കു പൊട്ടിയ രക്തം ദേഹത്ത് പറ്റിയിരിക്കുന്നു. ബൈക്കിൽ തിരിച്ചു റൂമിലേക്ക്‌ പോകുമ്പോൾ കാറ്റ് കൊണ്ട് അതിന്റെ തണുപ്പ് അവനെ കുത്തി തുളക്കാൻ തുടങ്ങി. ഫെമിനിസം പറയുന്ന വിക്രം, സ്വന്തന്ത്ര ചിന്തയിൽ വിശ്വസിക്കുന്ന വിക്രം, നന്മയിലും ന്യായത്തിലും ഉറച്ചു നിക്കുന്ന വിക്രം, ഓരോ പാളികൾ പിന്നിട്ടു ആ തണുപ്പ് ഉള്ളിലേക്ക് തുളഞ്ഞു പോയ്കൊണ്ടിരുന്നു.
* * *
ബോധത്തിന്റെ അവസാനത്തെ നിമിഷങ്ങളിൽ വിക്രം സംസാരിക്കാൻ ശ്രമിച്ചു. "ശീതൾ, ആ മൂന്നാമത്തെ ആളില്ലേ" "ഏതു മൂന്നാമത്തെ ആൾ?" "ദി വൺ ഹു വാസ് വാച്ചിംഗ് അസ്‌. അത് വേറെ ആരുമല്ല. ഇറ്റ്സ് ദി ഘോസ്റ്റ് ഓഫ് മൈ റൈച്യസ് സെൽഫ്. അന്നെന്റെ ഉള്ളിൽ മരിച്ച നീതീമാന്റെ പ്രേതം"
"വിക്കി, ഗോ റ്റു സ്ലീപ്‌. യു ആർ സ്റ്റൊൺഡ്"