Monday, February 1, 2016

മൂന്നാം സാമീപ്യം

ആ നേരിയ മഞ്ഞ വെളിച്ചത്തിൽ അവളോട്‌ അങ്ങനെ ഇഴുകി ചേർന്ന് കിടക്കുമ്പോൾ അവനതു വീണ്ടും ശ്രദ്ധിച്ചു. അവരുടെ രണ്ടു നഗ്ന ശരീരങ്ങൾ കൂടാതെ ആരോ ഒരാള് ആ മുറിയിൽ ഉണ്ട്. ഒരു നിഴൽ, ഒരു സുപ്ത സാന്നിദ്ധ്യം. അവനാകെ വല്ലാണ്ടായി. ഉള്ളിലെ പുരുഷന്റെ ഉദ്ദീപനം പതിയെ അങ്ങ് ഇല്ലാണ്ടായ പോലെ. "ഞാൻ ഒന്ന് വാഷ്‌ റൂം പോയി വരാം" കണ്ണടച്ച് അവന്റെ അടുത്ത നീക്കം പ്രതീക്ഷിച്ചു കിടന്ന അവളോട്‌ അവൻ പറഞ്ഞു. എണീറ്റ്‌ വാഷ്‌ റൂമിലേക്ക്‌ പോകും വഴി അവൻ മുറി ആകെ ഒന്നുഴിഞ്ഞു. ഇല്ല, ആരുമില്ല.
വാഷ്‌ റൂമിലെ കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്നു. കഴിഞ്ഞ നാല് രാത്രികളിൽ നാലാമത്തെ പെൺകുട്ടിയാണ്. പഴയ സുഹൃത്തുക്കൾ. നാല് നഗരങ്ങളിലായി. ചെന്നൈ, ബാംഗ്ലൂർ, പൂനെ, മുംബൈ. ഒരു പക്ഷെ നിർത്താതെയുള്ള യാത്രകൾ സ്ട്രെസ്സ് ഔട്ട്‌ ചെയ്തതിന്റെ ആകും. ആകെ ഒരു വല്ലായ്മ. കഴിഞ്ഞ 3 രാത്രികളിലും പക്ഷെ ഇതേ അനുഭവമാണ്‌ ഉണ്ടായതു. എങ്ങനെയൊക്കെയോ ഒപ്പിച്ചു. ഇത് അത് പോലെയല്ല. പറയാതെ തരമില്ല. തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. വേറെ ആരോ നമ്മളെ വീക്ഷിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞാൽ ആ കുട്ടി പേടിച്ചു പോകും.
"എന്ത് പറ്റി. കുറേ നേരമായല്ലോ പോയിട്ട്?" "നല്ല തലവേദന. ഐ തിങ്ക്‌ ഇറ്റ്സ് ദി ഓൺസെറ്റ് ഓഫ് മൈഗ്രൈൻ" ശീതളിന്റെ മുഖം വല്ലാണ്ടായി. അവനതു ശ്രദ്ധിക്കാതെ പതുക്കെ ബൊക്സെർ എടുത്തിട്ടു. മേശപുറത്തെ സിഗരറ്റ് പാക്കിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു റൂമിന്റെ ബാൽകണിയിൽ വന്നു നിന്ന് കത്തിച്ചു. നേരിയ കാറ്റിലേക്ക് യാന്ത്രികമായി പുക ഊതി വിട്ടു. ഇരുട്ട് തിങ്ങിയ തെരുവുകളിൽ മിന്നാമിനുങ്ങിനെ പോലെ കത്തുന്ന കുറെ ലൈറ്റുകൾ. "വിക്കി, ഈസ്‌ എവരി തിങ്ങ് ഒകേ?" ഒരു സിഗരറ്റ് ചുണ്ടത് വെച്ച് കൊണ്ട് അവൾ അടുത്ത് വന്നു നിന്നു. അവൻ ലൈറ്റർ നീട്ടി അത് കത്തിച്ചു കൊടുത്തു. "മൈഗ്രൈൻ ആണെങ്കിൽ ഡോണ്ട് സ്മോക്ക്‌. കൂടും" "ഉം" "തലവേദന പോകാൻ പറ്റിയ ഒരു സാധനമുണ്ട്" "എന്താ അത്?" തിളങ്ങുന്ന കണ്ണുകളോടെ അവനെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് പോയി. ഹോമിയോപൊതി മരുന്ന് കിട്ടുന്ന പോലത്തെ ഒരു ചെറിയ പ്ലാസ്റ്റിക്‌ ഡപ്പിയുമായി തിരികെ വന്നു. കയ്യിൽ ഒരു ഇയർ ബഡും. "ഇതെന്താ സംഭവം?" "വിശ്വദർശനം" "എന്തോന്ന്?" "കോസ്മിക്‌ റെവലേഷൻ എന്നും വിളിക്കാം" ഡപ്പിയുടെ അടപ്പ് തുറന്നു അവന്റെ മൂക്കിലേക്ക് അടുപ്പിച്ചു. ആാഹ, നല്ല ശുദ്ധാഷൗധം. ഹാഷിന്റെ മണം നാസിക വഴി തലച്ചോറിലെത്തി. "ഈസ്‌ ദിസ്‌ ഹാഷ് ഓയിൽ!?" "റിഫതിന്റെ ഗിഫ്റ്റ്, സ്ട്രൈറ്റ്‌ ഫ്രം അഫ്ഘാൻ" ഇയർ ബഡ് ഡപ്പിയിലേക്ക് മുക്കിക്കൊണ്ട് അവൾ പറഞ്ഞു. "ഗിവ് മി ദാറ്റ്‌" അവന്റെ കയ്യിൽ നിന്ന് സിഗരെറ്റ്‌ പിടിച്ചു വാങ്ങിയ ശേഷം കത്താത്ത ഭാഗങ്ങളിൽ അവൾ ഇയർ ബഡ്സ് ഓടിച്ചു. തുടർന്ന് അവൾടേതിലും. "നവ്, സ്മോക്ക്‌ അപ്പ്‌" * * * "നമുക്ക് നിർത്താം" ഒരു നിമിഷം മൗനം. "ശരി" ഇത് പ്രതീക്ഷിച്ചെന്ന പോലെ അവളുടെ മറുപടി. ഇത്ര എളുപ്പമായിരുന്നോ കാര്യങ്ങൾ? കഴിഞ്ഞ 11 ഉറക്കമില്ലാത്ത രാത്രികളിൽ മെനഞ്ഞെടുത്ത കുറെ സംഭാഷണങ്ങൾ ഉണ്ടായിരുന്നു. ഒന്നും വേണ്ടി വന്നില്ല! "നീ തമാശ പറയുകയല്ലല്ലോ, അല്ലെ?" "ഈ കാര്യത്തിൽ ആരെങ്കിലും തമാശ പറയുമോ?" "നിന്റെ ഈ തീരുമാനത്തിന് പ്രത്യേകിച്ചു എന്തെങ്കിലും കാരണം" "ഉണ്ട്. അറിയില്ല." "നീയായിട്ടു തുടങ്ങിയത് നീയായിട്ടു....അല്ലെ?" "നിന്നെ ഞാൻ വീട്ടിലേക്കു ഡ്രോപ്പ് ചെയ്യാം" "വേണ്ട വിക്കി, എനിക്കറിയാത്ത വഴിയല്ലല്ലോ" അവൾ നടന്നകലന്നുത് അവൻ നോക്കി നിന്നു. അവർ സ്ഥിരം ചായ കുടിക്കുന്ന ഹോസ റോഡ്‌ സിഗ്നലിലെ ആ ചായകടയിൽ നിന്ന് കൊണ്ട്. അവൻ ഫോണെടുത്തു ഡയൽ ചെയ്തു. "അച്ഛാ, അത് കഴിഞ്ഞു. ഇനി ഒരിക്കലും നിങ്ങളോട് സ്നേഹമില്ല എന്ന വാക്ക് എന്റെ മേൽ അടിചെൽപ്പികരുത്. ഇത് നിങ്ങള്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ തീരുമാനമാണ്" "എന്റെ മോൻ നല്ല കുട്ടിയാ..മോന് നല്ലതേ വരൂ" "അച്ഛാ പ്ലീസ്..." ഫോൺ സ്ക്രീനിൽ അവളുടെ പേരു തെളിഞ്ഞു വന്നു. "അച്ഛാ ഞാൻ വിളിക്കാം".... "എന്താ വാവ്...എന്താ ആനി?" "വിക്കി നീ അവിടുന്ന് പോയോ?" "ഇല്ല, എന്ത് പറ്റി?" "ബുദ്ധിമുട്ടാകില്ലെങ്കിൽ ഒന്ന് നിക്കുവോ? എനിക്ക് നിന്നോട് സംസാരികണം" "വന്നോ, ഞാൻ ഇവിടുണ്ട്"
"വിക്കി, എന്താ വിക്കി നിനക്ക് പറ്റിയെ, ഞാൻ എന്തെങ്കിലും ചെയ്തിട്ടാണോ?" ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു "നീയല്ല, ഞാനാണ്‌. എന്റെ..." അവള്ടെ കണ്ണിൽ നോക്കാതെ അവൻ മറുപടി പറഞ്ഞു "വാവേ മുഖത്ത് നോക്ക്, എന്താ പറ്റിയെ, പ്ലീസ്...എന്താ പ്രശ്നമെന്ന് പറയു" നിന്നെ കെട്ടിയാൽ എന്റെ അച്ഛൻ ആത്മഹത്യ ചെയ്യുമെന്നു പറയണമെന്ന് അവനു തോന്നിയില്ല. "ആനി, ഇന്ന് നിനക്ക് കൂട്ടിനു മോനുണ്ട്. അവനു നീ എല്ലാമാണ്. നാളെ നമ്മൾ വളരെ അധികം അടുത്ത് കഴിഞ്ഞു, മോനുമായി ഞാൻ അടുത്ത് കഴിഞ്ഞു, അത് കഴിഞ്ഞു, അത് കഴിഞ്ഞാണ് ഞാൻ ഈ തീരുമാനം എടുക്കുന്നതെങ്കിൽ, അന്ന് നിന്റെ മോന്റെ മുന്നില് നീ ഒരു ചീത്ത സ്ത്രീയാവും, ഞാൻ അവന്റെ അമ്മയുടെ..." "വിക്കി, നീ ഇങ്ങനെ ഒന്നും ചിന്തിച്ചു കൂട്ടല്ലേ..നിനക്കറിയാല്ലോ, നീയും മോനും എന്റെ മമ്മിയും, എന്റെ ലോകം ഇതായി പോയി, മമ്മിയിനി, മമ്മി പോയ പിന്നെ...ഞാൻ കാലു പിടിക്കാം വിക്കി" അവളുടെ കണ്ണുകളിൽ നിലക്കാത്ത നീർച്ചാലുകൾ ഉത്ഭവിച്ചു. വിക്കി അവളെ നോക്കി. "കരയല്ലേ ആനി, ആൾകാർ..നീ വാ ബൈകിൽ കേറ്" "ഇല്ല വിക്കി, എനിക്കിപ്പോ ഇവട്‌ന്നു അനങ്ങാൻ ഒക്കില്ല...നീയെന്നെ പേടിപ്പിക്കല്ലേ ഇങ്ങനെ" "ആനി, ഒന്ന് ചിന്തിക്കു. ഇന്ന് അവനു അച്ഛനില്ല എന്നെ ഉള്ളു. നാളെ ഞാൻ ആ റോളിലേക്ക് വന്ന്, വീട്ടുകാരുമാ യുള്ള പ്രശ്നങ്ങൾ താങ്ങാൻ ഒക്കാതെ , എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞാൽ...അവന്റെ അവസ്ഥ നീ ചിന്തിച്ചു നോക്ക്"
എന്തൊക്കെയോ കേട്ടു, എന്തൊക്കെയോ പറഞ്ഞു. ഒരു മനുഷ്യൻ തന്റെ മുന്നിൽ തകര്ന്നു ഇല്ലാണ്ടാവുന്നത് അന്ന് വിക്കി കണ്ടു കൊണ്ട് നിന്നു, ഒരു പുതുമയും ഇല്ലാത്തത് പോലെ. അവളെ ബൈക്കിൽ വീട്ടില് ഡ്രോപ്പ് ചെയ്തു തിരികെ വരുമ്പോൾ വിക്കിയുടെ ടീ ഷർട്ടിന്റെ പിന് വശം മുഴുവൻ നനഞ്ഞിരുന്നു..ഒരു പാവത്തിന്റെ ചങ്കു പൊട്ടിയ രക്തം ദേഹത്ത് പറ്റിയിരിക്കുന്നു. ബൈക്കിൽ തിരിച്ചു റൂമിലേക്ക്‌ പോകുമ്പോൾ കാറ്റ് കൊണ്ട് അതിന്റെ തണുപ്പ് അവനെ കുത്തി തുളക്കാൻ തുടങ്ങി. ഫെമിനിസം പറയുന്ന വിക്രം, സ്വന്തന്ത്ര ചിന്തയിൽ വിശ്വസിക്കുന്ന വിക്രം, നന്മയിലും ന്യായത്തിലും ഉറച്ചു നിക്കുന്ന വിക്രം, ഓരോ പാളികൾ പിന്നിട്ടു ആ തണുപ്പ് ഉള്ളിലേക്ക് തുളഞ്ഞു പോയ്കൊണ്ടിരുന്നു.
* * *
ബോധത്തിന്റെ അവസാനത്തെ നിമിഷങ്ങളിൽ വിക്രം സംസാരിക്കാൻ ശ്രമിച്ചു. "ശീതൾ, ആ മൂന്നാമത്തെ ആളില്ലേ" "ഏതു മൂന്നാമത്തെ ആൾ?" "ദി വൺ ഹു വാസ് വാച്ചിംഗ് അസ്‌. അത് വേറെ ആരുമല്ല. ഇറ്റ്സ് ദി ഘോസ്റ്റ് ഓഫ് മൈ റൈച്യസ് സെൽഫ്. അന്നെന്റെ ഉള്ളിൽ മരിച്ച നീതീമാന്റെ പ്രേതം"
"വിക്കി, ഗോ റ്റു സ്ലീപ്‌. യു ആർ സ്റ്റൊൺഡ്"

No comments:

Post a Comment